Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വയം പ്ലസ് പദ്ധതിയുടെ ഭാഗമായി ഐഐടി മദ്രാസുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഐഐടി മദ്രാസ് ഡയറക്ടർ പ്രഫ.വി. കാമകോട്ടിയിൽ നിന്ന് കോളജ് പ്രതിനിധി ഫാ. ജിൻസ് അറയ്ക്കപ്പറമ്പിലും ഡോ. ഗീവർഗീസ് ടൈറ്റസും ധാരണാപത്രം ഏറ്റുവാങ്ങി.
അമൽജ്യോതി വിദ്യാർഥികൾക്ക് സ്വയം പ്ലസ് പോർട്ടൽ വഴി വ്യവസായവുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്സുകൾ, ഇന്റേൺഷിപ്പുകൾ, മെന്റർഷിപ്പ് പ്രോഗ്രാമുകൾ നടത്തുന്നതിനും വിദ്യാർഥികൾക്ക് പുതുമയാർന്ന നൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിനൊടൊപ്പം തൊഴിൽ സാധ്യതകൾ കൂടുതൽ വിപൂലികരിക്കുന്നതിനും ഇതിലൂടെ സാധ്യമാകും.
നാഷണൽ ക്രഡിറ്റ് ഫ്രേം വർക്ക് അനുസരിച്ച് കോഴ്സുകൾക്ക് ക്രെഡിറ്റ് നൽകാനുള്ള സംവിധാനവും പദ്ധതിയിലൂടെ ലഭ്യമാണ്.
Business
കൊച്ചി: എഐ അധിഷ്ഠിത ഗെയിം അടിസ്ഥാനത്തിലുള്ള പുനരധിവാസ സാങ്കേതികവിദ്യകള് വികസിപ്പിക്കുന്ന ബീഏബിള് ഹെല്ത്ത്, നാഡീരോഗബാധിതരായ കുട്ടികള്ക്കായി എഐ അധിഷ്ഠിത സഹകരണത്തിന് ജീവനീയം റിസര്ച്ച് സെന്റര്, ഹൈദരാബാദിലെ സെന്റര് ഫോര് ഹെല്ത്ത്കെയര് എന്ട്രപ്രണര്ഷിപ്പ് (സിഎഫ്എച്ച്ഇ) ഐഐടി എന്നിവയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവച്ചു.
സെറിബ്രല് പാള്സി, ഓട്ടിസം സ്പെക്ട്രം ഡിസോര്ഡര്, എഡിഎച്ച്ഡി എന്നിവയുള്പ്പെടെയുള്ള നാഡീവികസന സംബന്ധമായ അവസ്ഥകളുള്ള കുട്ടികള്ക്കായി ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള് വികസിപ്പിക്കുകയും ക്ലിനിക്കല് തലത്തില് പരിശോധിക്കുകയും ചെയ്യുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
ഇതോടനുബന്ധിച്ച് ആയുര്വേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും നടത്തുന്ന ജീവനീയം എന്എബിഎച്ച് മാനദണ്ഡങ്ങള് അനുസരിച്ച് നിര്മിച്ച ജീവനീയം മെഡിപോളിസ് കൊച്ചിയില് ഉദ്ഘാടനം ചെയ്തു.
ജീവനീയം ഹോസ്പിറ്റല്സ് സ്ഥാപകയും മെഡിക്കല് ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ്, ബീഏബിള് ഹെല്ത്ത് സിഇഒയും സഹസ്ഥാപകനുമായ ഹബീബ് അലി എന്നിവർ സന്നിഹിതരായിരുന്നു.
Sports
കൊച്ചി: യുവ വിംഗർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവിലെ സീസണിൽ കളിക്കുന്നതിനായി ടൈസൺ ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്. മണിപ്പുരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 സീസണിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിലെത്തി.
ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് താരത്തെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
Business
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്സ്യൂമർ പ്രോഡക്ട്സ് ഫിൻലൻഡ് ആസ്ഥാനമായുള്ള ഭക്ഷണ നിർമാണ കന്പനി ഫേസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫേസറിന്റെ റെസിപ്പികളും ഉയർന്ന ഗുണനിലവാരവും ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഫിന്നിഷ് കന്പനിയുടെ മിഠായികളും ചോക്ലേറ്റുകളും എത്തിക്കാനും നിർമിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു.
വടക്കൻ യൂറോപ്പിലെ പ്രധാന എഫ്എംസിജി കന്പനിയാണ് ഫേസർ. ഉയർന്ന ഗുണനിലവാരമുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ബേക്കറി വിഭവങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവയ്ക്കു പേരുകേട്ട സ്ഥാപനമാണിത്.
ഈ പങ്കാളിത്തം ഫേസറിന്റെ പാരന്പര്യമുള്ള ബ്രാൻഡുകളെയും നൂതനമായ ഉത്പന്നശേഖരത്തെയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചോക്ലേറ്റുകളെയും റിലയൻസ് കണ്സ്യൂമർ പ്രോഡക്ട്സിന്റെ വിപുലമായ വിപണനശേഷിയുമായി സംയോജിപ്പിക്കുന്നു. ഇതുവഴി ഇന്ത്യയിലൂടനീളമുള്ള ഏകദേശം 30 ലക്ഷം റീട്ടെയിൽ ഒൗട്ട്ലെറ്റുകളിലേക്ക് ഈ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.
ഫിന്നിഷ് ബ്രാൻഡായ ഫേസറുമായുള്ളറിലയൻസ് കണ്സ്യൂമറിന്റെ ഏറ്റവും പുതിയ പങ്കാളിത്തം, ഉപഭോക്തൃ ഉത്പന്ന മേഖലയിൽ കന്പനി നടത്തിവരുന്ന ഏറ്റെടുക്കൽ പരന്പരയുടെ തുടർച്ചയാണ്. 2022-ൽ കന്പ കോള ഏറ്റെടുത്ത് വീണ്ടും വിപണിയിലിറക്കിയതിന് ശേഷം, റാവൽഗാവ്, ടോഫിമാൻ, ലോട്ടസ് ചോക്ലേറ്റ്സ്, എസ്ഐഎൽ ഫുഡ്സ് തുടങ്ങിയ പാരന്പര്യമുള്ള ബ്രാൻഡുകളുടെ ഭൂരിഭാഗം ഓഹരികളും റിലയൻസ് കണ്സ്യൂമർ സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ, ആഗോള ഉപഭോക്തൃ ബ്രാൻഡുകളുമായി റിലയൻസ് കണ്സ്യൂമർ ഇന്ത്യൻ വിപണിക്കായി കൈകോർക്കുന്നത് ഇതാദ്യമായല്ല. ബ്രൈൽക്രീം , ടോണി ആൻഡ് ഗൈ, ബാഡെഡാസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര പേഴ്സണൽ കെയർ ബ്രാൻഡുകളുമായും കന്പനി നേരത്തേ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Business
ന്യൂഡൽഹി: ഗൾഫ് സഹകരണ കൗണ്സിലുമായി (ജിസിസി) സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള (എഫ്ടിഎ) നിബന്ധനകളിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജിസിസി രാജ്യങ്ങളുമായി ധാരണയിലെത്തിയത്.
ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളുൾപ്പെടുന്ന ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നതിനുള്ള ചർച്ചകൾ ഇന്ത്യ 2004 മുതൽ ആരംഭിച്ചതാണ്.
2006ലും 2008ലും രണ്ടു റൗണ്ട് ചർച്ചകൾ നടന്നതാണെങ്കിലും 2011ൽ എല്ലാ രാജ്യങ്ങളുമായും സാന്പത്തിക സഖ്യങ്ങളുമായും വ്യാപാര ചർച്ചകൾ മരവിപ്പിക്കാനായി ജിസിസി തീരുമാനമെടുത്തതിലൂടെ എഫ്ടിഎയും സ്തംഭിച്ചു.
എന്നാൽ, 2022ൽ ജിസിസി ജനറൽ സെക്രട്ടറി ഇന്ത്യ സന്ദർശിച്ചതിനുശേഷമാണ് വീണ്ടും ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ വച്ചത്. ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നത് ജിസിസി രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭക്ഷ്യസുരക്ഷയെയും ഊർജസുരക്ഷയെയും പ്രോത്സാഹിപ്പിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.